Thursday, 27 March 2014
ഇന്ത്യന്‍ മുസ്‌ലിംകളെ നിരന്തരം പാമ്പ് കടിക്കുന്നതെന്തുകൊണ്ട്?
പി.എ സ്വാദിഖ് ഫൈസി താനൂര്‍
മുഹമ്മദ് നബി(സ്വ)യുടെ ഈ തിരുവരുള്‍ ഒരു ഓര്‍മപ്പെടുത്തലാണ്. ഒരബദ്ധം ഒന്നിലധികം തവണ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന ഓര്‍മപ്പെടുത്തല്‍. ഒരിക്കല്‍ പാമ്പുകടിയേറ്റ സ്ഥലവും സന്ദര്‍ഭവും എത്തിയാല്‍ അതാവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്നും നിതാന്ത ജാഗ്രതയിലായിരിക്കണമെന്നുമുള്ള മുന്നറിയിപ്പ്. അബദ്ധങ്ങളിലേക്ക് പിന്നെയും പിന്നെയും വീണുകൊടുക്കുന്നവന്‍ വിശ്വാസിയാകില്ലെന്നാണ് താക്കീത്. ഈ താക്കീതും ഓര്‍മപ്പെടുത്തലുമെല്ലാം ഉണ്ടായിട്ടും പാമ്പ് കടിയേല്‍ക്കാന്‍ തന്നെ തീരുമാനിക്കുകയും അവയുടെ മാളത്തില്‍ ചെന്നു തലവെച്ചുകൊടുക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ തന്റെ സമുദായത്തിലെ വിശ്വാസികളായി മുഹമ്മദ് നബി(സ) അംഗീകരിക്കുമോ? ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ വസിക്കുന്ന രണ്ടാമത്തെ രാജ്യത്ത്, അവര്‍ അഭിമുഖീകരിക്കുന്ന വലിയൊരു ചോദ്യമാണിത്.
ഒരേ മാളത്തില്‍ നിന്ന് ഉഗ്രവിഷമുള്ള പാമ്പിന്‍ കൂട്ടങ്ങള്‍ നിരന്തരം ഫണമുയര്‍ത്തി വിഷം ചീറ്റിയിട്ടും ആഞ്ഞുകൊത്തിയിട്ടും അവയ്‌ക്കു മുന്നില്‍ നിഷ്‌ക്രിയരായി നിന്നുകൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍. എണ്ണൂറു വര്‍ഷത്തോളം രാജ്യത്തിന്റെ ഭരണച്ചെങ്കോലേന്തിയ ഒരു ജനത ഇവ്വിധം പാര്‍ശ്വവത്‌കരിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്‌തതിന്റെ കാരണങ്ങളെന്താണെന്ന് അന്വേഷിക്കാന്‍ പോലും അവര്‍ക്കു സാധിക്കുന്നില്ല. ഓരോ പൊതു തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴും പച്ചില കാട്ടി അടുക്കുന്നവരുടെ പിന്നാലെ പായാന്‍ മാത്രം വിധിക്കപ്പെട്ടിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം. കശാപുശാലയിലേക്കാണോ ഹരിതാഭമായ തോട്ടത്തിലേക്കാണോ നയിക്കപ്പെടുന്നതെന്നു ആലോചിക്കാനുള്ള ചിന്താശേഷി പോലും അവര്‍ക്ക് നഷ്‌ടപ്പെട്ടിരിക്കുന്നു. രാജ്യത്ത് ഏറ്റവും പിന്നാക്കാവസ്ഥയില്‍ കഴിയുന്ന ജനവിഭാഗമാണവര്‍. പൊതു സ്ഥലങ്ങളിലും ഇടങ്ങളിലും എല്ലാത്തരം വിവേചനങ്ങളും നേരിടുന്ന രണ്ടാം തരം പൗരന്മാര്‍. ആര്‍ക്കും കയറി മേയാവുന്ന പൊതുവളപ്പാണ് അവരുടെ സാമുദായിക വൃത്തം. വിചാരണ കൂടാതെ അവരെ എത്രകാലം വേണമെങ്കിലും തടവിലിടാം. ഭീകര മുദ്രകള്‍ ചാര്‍ത്തി വേട്ടയാടാം. അവരുടെ അസ്‌തിത്വം തന്നെ സംശയത്തിന്റെ നൂല്‍ പാലത്തില്‍ നിര്‍ത്തി ചോദ്യം ചെയ്യാം..... നാനാ ജാതി മത വിഭാഗങ്ങളെ ഒരുപോലെ ഉള്‍കൊള്ളുന്ന ലോകത്തെ ഏറ്റവും മതേതര ജനാധിപത്യ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവസ്ഥയെ ഇങ്ങനെ സംഗ്രഹിക്കാം.
ഈ ദുരവസ്ഥയുടെ പിതൃത്വം ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയിലോ ഭരണസംവിധാനങ്ങളിലോ മാത്രം കെട്ടിവെക്കാന്‍ എളുപ്പമാണ്. കാലങ്ങളായി നാം അത് മനോഹരമായി ചെയ്‌തുകൊണ്ടിരിക്കുന്നുമുണ്ട്. അതിനപ്പുറം സ്വന്തം ഉടലിലേക്കൊന്ന് തിരിഞ്ഞുനോക്കാന്‍ സമുദായത്തിന്റെ മത രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കോ ബൗദ്ധിക സാന്നിധ്യങ്ങള്‍ക്കോ നേരംകിട്ടുന്നില്ല എന്നതാണ് ഇന്ത്യയിലെ മുസ്‌ലിംകളെ കുഴക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നവര്‍ക്ക് മാത്രമേ, മറ്റൊരാളെ കുറ്റപ്പെടുത്തി രക്ഷപെടാന്‍ സാധിക്കൂ എന്ന പൊതു തത്വം ഏറ്റവും പ്രസക്തമാകുന്നത് ഇവിടെയാണ്.
ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇവ്വിധം പാര്‍ശ്വവത്‌കരിക്കപ്പെട്ടതിന്റെയും `സെക്കന്റ് സിറ്റിസണ്‍' നിലവാരത്തിലേക്ക് താഴ്‌ന്നിറങ്ങിയതിന്റെയും ഉത്തരവാദിത്തവും കാരണവും തിരയേണ്ടത് സമുദായത്തിനകത്തു തന്നെയാണ്. കേവലം ഒരു ന്യൂനപക്ഷം എന്ന പ്രശ്‌നമല്ല അവരിവിടെ നേരിടുന്നത്. അതായിരുന്നെങ്കില്‍ ക്രൈസ്‌തവ-സിഖ്-ജൈന-ബുദ്ധ വിഭാഗങ്ങളെല്ലാം അത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കണം. ഇവരില്‍ ചിലര്‍ `ഭാരതീയത'യ്‌ക്കുള്ളിലെ ന്യൂനപക്ഷങ്ങളും മറ്റു ചിലര്‍ പൂര്‍ണാര്‍ത്ഥത്തിലെ `വിദേശി'കളുമാണല്ലോ. എന്നിട്ടും അവരുടെ അവസ്ഥ ആശാവഹമാണ്. എടുത്തു പറയത്തക്ക വെല്ലുവിളികളൊന്നും ഈ വിഭാഗങ്ങള്‍ നേരിടുന്നില്ല. മാത്രമല്ല, രാജ്യത്തിന്റെ പല താക്കോല്‍ സ്ഥാനങ്ങളിലും അവരാണ് നിറഞ്ഞു നില്‍ക്കുന്നതും നിയന്ത്രിച്ചു വരുന്നതും. അതോടൊപ്പം മുസ്‌ലിം പിന്നാക്കാവസ്ഥയുടെ പേരില്‍ ന്യൂനപക്ഷ ശാക്തീകരണത്തിന് ചിലപ്പോഴെങ്കിലും സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങളും മറ്റും വേഗത്തില്‍ സ്വന്തമാക്കാനും കൂടുതല്‍ മുന്നോട്ടു പോകാനും അവരില്‍ ചിലര്‍ക്കെങ്കിലും സാധിച്ചു. സ്വന്തം മതത്തിന്റെ അടയാള മുദ്രകളുടെ പേരില്‍ അവരാരും നിരന്തരം വേട്ടയാടപ്പെടുന്നില്ല.
ഒരുകാലത്ത് രാജ്യത്തുടനീളം ശക്തമായ അടിച്ചമര്‍ത്തലുകള്‍ക്കും കൊടിയ പീഡനങ്ങള്‍ക്കും വിധേയരായ വിഭാഗമാണ് സിഖുകാര്‍. ഖലിസ്ഥാന്‍ വാദത്തിന്റെ പേരില്‍ ഉടലെടുത്ത സിഖ് തീവ്രവാദം രൂക്ഷത പ്രാപിച്ചു ഉഗ്രരൂപം പൂണ്ടപ്പോള്‍, അവര്‍ക്കെതിരെ സൈനിക നീക്കം നടത്താന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തീരുമാനിച്ചു. ജര്‍ണയില്‍സിങ് ഭിദ്രന്‍വാലയുടെ നേതൃത്വത്തില്‍ തീവ്രവാദികള്‍ തമ്പടിച്ചിരന്ന അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിലേക്ക് ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ എന്ന പേരില്‍ 1984 ജൂണില്‍ അവര്‍ സൈനിക നീക്കം ആരംഭിച്ചു. സൈനിക നടപടിയില്‍ തീര്‍ത്ഥാടകരായി എത്തിയ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ വധിക്കപ്പെട്ടു. തീവ്രവാദികളെ പിടികൂടാനെന്ന പേരില്‍ തങ്ങളുടെ വിശുദ്ധ ആരാധനാലയത്തിലേക്ക് ഇരച്ചു കയറിയ സൈന്യം സുവര്‍ണക്ഷേത്രത്തിന്റെ പവിത്രത കളങ്കപ്പെടുത്തുകയും നിരപരാധികളെ വേട്ടയാടുകയുമാണെന്ന് പ്രചരണമുണ്ടായി. ഓപ്പറേഷന്‍ വിജയകരമായെങ്കിലും സിഖ് സമുദായത്തിന്റെ വികാരം വൃണപ്പെടാന്‍ അതൊരു കാരണമാവുകയും അത് ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തില്‍ അവസാനിക്കുകയും ചെയ്‌തു. 1984 ഒക്‌ടോബര്‍ 31 നു സിഖ് സമുദായത്തില്‍ പെട്ട സത്‌വന്ത് സിങ്, ബിയാന്ത് സിങ് എന്നീ അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിര മരിച്ചു വീണു. തുടര്‍ന്ന് രാജ്യത്തുടനീളം സിഖ് വിരുദ്ധ കാലപങ്ങള്‍ ആളികത്തി. ഡല്‍ഹിയിലും സമീപ പ്രദേശത്തും ആയിരക്കണക്കിനു സിഖുകാര്‍ കൊലചെയ്യപ്പെട്ടു. സിഖ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ തീവെപ്പും ബലാലത്സംഗവും അരങ്ങേറി. ബസ്സുകളും ട്രെയിനുകളും തടഞ്ഞു നിര്‍ത്തി സിഖുകാരെ മാത്രം തിരഞ്ഞുപിടിച്ചു മണ്ണെണയൊഴിച്ചു കത്തിച്ചു....
ഇങ്ങനെ വേട്ടയാടപ്പെട്ട സിഖ് സമൂഹം പോലും അഭിമാനകരമായ തിരിച്ചു വരവ് നടത്തുകയും രാജ്യത്തിന്റെ മുഖ്യധാരയില്‍ ഇടംപിടിക്കുകയും ചെയ്‌തപ്പോഴും, മുസ്‌ലിം സമുദായത്തിനൊരു തിരിച്ചു വരവ് സാധ്യമായില്ല എന്നതാണ് ഏറെ കൗതുകകരം. 1947 ല്‍ നടന്ന ഇന്ത്യാ-പാക് വിഭജനം ഇപ്പോഴും അവരെ വേട്ടയാടികൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ വളര്‍ച്ചയെ ഇരുനൂറു വര്‍ഷത്തേക്കെങ്കിലും പിന്നോട്ടുതള്ളിയിടാന്‍ വിഭജനത്തിന്റെ മാപ്പ് വരച്ചവര്‍ക്കും അതിന് ചുക്കാന്‍ പിടിച്ചവര്‍ക്കും സാധിച്ചു എന്നതാണ് അതിന്റെ ഗുണഫലം. വിഭജനം സൃഷ്‌ടിച്ച മുറിവുകളുടെ വേദനയില്‍ നിന്ന് മുക്തി നേടാന്‍ ഇന്നോളം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചിട്ടില്ല. അഭിഭക്ത ഇന്ത്യയില്‍ ശക്തമായി രാഷ്‌ട്രീയ വേരോട്ടവും നിര്‍ണായക സ്ഥാനവും ഉണ്ടായിരുന്നവരാണ് മുസ്‌ലിംകള്‍. ഒരുഭാഗത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മറുഭാഗത്ത് സര്‍വേന്ത്യാ മുസ്‌ലിം ലീഗും ശക്തമായ നിലകൊണ്ടപ്പോള്‍, മുസ്‌ലിംകളുടെ രാഷ്‌ട്രീയ അടിത്തറ ശക്തവും ഭദ്രവുമായി. രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യനായി പില്‍കാലത്ത് അറിയപ്പെട്ട ഗാന്ധിജിയെ പോലും വരച്ച വരയില്‍ ത്രാണിയും ചങ്കൂറ്റവുമുള്ള ഒരു നേതൃനിര അവര്‍ക്കുണ്ടായി എന്നതാണ് അക്കാലഘട്ടത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഹരിജനങ്ങള്‍ക്ക് വോട്ടാവകാശം നല്‍കികൊണ്ടുള്ള വിജ്ഞാപനത്തെ മുസ്‌ലിം ലീഗ് എതിര്‍ക്കുകയാണെങ്കില്‍ മുസ്‌ലിം ലീഗ് മുന്നോട്ടു വെക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഗാന്ധിജി ലീഗ് നേതാക്കള്‍ക്ക് ഉറപ്പ് കൊടുത്തു. പിന്നാക്കക്കാരന്റെ ഒരു അവകാശത്തെ ഹനിച്ചുകൊണ്ട് ഞങ്ങള്‍ക്കൊരു ആവശ്യം നിറവേറ്റപ്പെടേണ്ടതില്ലെന്ന് അന്ന് നട്ടെല്ലോടെ നിവര്‍ന്നു നിന്നു പറയാനും മുസ്‌ലിംകളേതര പിന്നാക്ക വിഭാഗങ്ങളുടെ അത്താണിയായി നിലകൊള്ളാനും മുസ്‌ലിം രാഷ്‌ട്രീയത്തിനും അതിന്റെ നേതൃത്വത്തിനും സാധിച്ചിരുന്നു. ആ അമരനായകത്വത്തില്‍ നിന്നാണ് പിന്നാക്കക്കാരിലെ പിന്നാക്കക്കാരനെന്ന അപഖ്യാതിയും വഹിച്ചു നടക്കാന്‍ വിഭജനാനന്തരമുസ്‌ലിംകള്‍ വിധിക്കപ്പെടുന്നത്.
1947 ആഗസ്‌ത് 14 നു രാജ്യം രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍, അന്നോളം രാജ്യത്തെ മുസ്‌ലിംകളുടെ രാഷ്‌ട്രീയം കൈകാര്യം ചെയ്‌തിരുന്നവരെല്ലാം പുതിയ സുഖ സൗകര്യങ്ങള്‍ തേടി പാകിസ്ഥാനിലേക്ക് വണ്ടി കയറി. അതോടെ രാജ്യത്ത് അവശേഷിച്ച മുസ്‌ലിംകള്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റങ്ങളായി. അവര്‍ക്കു ദിശാബോധം നല്‍കാനും പുതിയൊരു രാഷ്‌ട്രീയ ഫ്‌ളാറ്റ്‌ഫോമില്‍ അവരെ അണിനിരത്താനും പില്‍ക്കാലത്ത് ഒരു മുസ്‌ലിം നേതാവിനും സാധിക്കാതെ പോയി. അവശേഷിച്ച നേതാക്കള്‍ അവരുടെ സ്വന്തം ലോകത്തേക്കും കിട്ടിയ സ്ഥാനങ്ങളിലേക്കും ഒതുങ്ങിക്കൂടുകയും സമുദായത്തിന്റെ ശാക്തീകരണ ചിന്തകളെ അവഗണിക്കുകയോ അതിനു മുന്നില്‍ നിസ്സഹായരാവുകയോ ചെയ്‌തു. പഴയ മുസ്‌ലിം ലീഗിന്റെ പിന്തുടര്‍ച്ചയാവാനും പുതിയൊരു മതേതര ജനാധിപത്യ സംവിധാനത്തിനകത്ത് അവര്‍ക്ക് ശക്തമായൊരിടം നിര്‍ണയിക്കാനും ഖാഇദെ മില്ലത്ത് ഇസ്‌മാഈല്‍ സാഹിബിനെ പോലുള്ളവര്‍ ശ്രമിച്ചിരുന്നെങ്കിലും അതെല്ലാം ചില പ്രദേശങ്ങളില്‍ മാത്രം ഒതുക്കപ്പെടുകയായിരുന്നു.
മൗലാനാ അബുല്‍ കലാം ആസാദിനെ പോലുള്ള പ്രതിഭകള്‍ക്ക് പോലും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഈ സമുദായത്തിനു രാഷ്‌ട്രീയ ദിശാബോധം നല്‍കാനായില്ല. 1923 മുതല്‍ 1946 വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡണ്ടായി തെരഞ്ഞുടുക്കപ്പെട്ട ആസാദ് കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായിരുന്നു. സ്വതന്ത്രഭാരതത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായരുന്ന അദ്ദേഹത്തിന്റെ പ്രതിഭയും രാഷ്‌ട്രീയബോധവും വിപ്ലവ ചിന്തകളുമൊക്കെയാണ് ആ ഒരു പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. എന്നിട്ടും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇടയനില്ലാതെ പോയ തന്റെ സമുദായത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും അവരെ മുഖ്യധാരയിലെത്തിക്കാനും അദ്ദേഹത്തിനു സാധിച്ചില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായിരുന്നു അദ്ദേഹത്തിനു ചൂണ്ടിക്കാണിക്കാനുണ്ടായിരുന്ന താവളം. അതിന്റെ പില്‍ക്കാല ശൈലിയിലും നീക്കത്തിലും ആസാദ് പോലും സംതൃപനായിരുന്നില്ലെന്ന് തന്റെ അവസാന കാലത്ത് എഴുതിയ `ഇന്ത്യാ വിന്‍സ് ഫ്രീഡം' പോലുള്ള ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുമുണ്ട്. ഹിന്ദു വര്‍ഗീയ വാദികള്‍ കോണ്‍ഗ്രസില്‍ പിടിമുറുക്കുന്നതും നിസ്സംഗനും നിസ്സഹായനുമായി നോക്കി നില്‍ക്കാനേ അദ്ദേഹത്തിനു സാധിച്ചിരുന്നുള്ളു. ആ നിസ്സഹായതകൊണ്ടാണ് ഇന്ത്യാവിഭജനത്തിന്റെ ഉത്തരവാദിത്തം എല്ലാവരും കൂടി ലീഗിലും ജിന്നയിലും വെച്ചുകെട്ടിയപ്പോള്‍ `ഇന്ത്യാ വിഭജനത്തിന്റെ സ്ഥാപകന്‍ വല്ലഭായി പട്ടേലാണെന്നു പറഞ്ഞാല്‍ കുഴപ്പമൊന്നുമില്ലെന്ന്' തുറന്നെഴുതാന്‍ ജീവിതത്തിന്റെ അവസാന ഘട്ടം വരെ ആസാദിനു കാത്തിരിക്കേണ്ടി വന്നത്.
സ്വാതന്ത്ര്യാനന്തര സെക്യുലര്‍ ഇന്ത്യയിലെ മുസ്‌ലിംകളുടെ സാന്നിധ്യം കോണ്‍ഗ്രസിന്റെ ഔദാര്യമാണെന്നും ആ ഔദാര്യത്തിനു നന്ദികാണിക്കാന്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷം എക്കാലത്തും കടപ്പെട്ടവരാണെന്നുമുള്ള ചിന്തയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും അതിനെ പിന്തുണച്ച `ദേശീയ മുസ്‌ലിം'കളും ഇവിടെ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചത്. അത് ഒരളവോളം വിജയിച്ചു എന്നതാണ്, പില്‍ക്കാലത്ത് ആര്‍ക്കും കയറി മേയാവുന്ന പൊതുവളപ്പായി മുസ്‌ലിം സമൂഹിക പരിസരം മാറാന്‍ കാരണം. സെക്യുലറിസത്തിനപ്പുറം മറ്റൊരു വഴിയും തിരഞ്ഞെടുക്കാനില്ലാത്ത ഒരു രാജ്യത്ത് - അതും ജന്മനാടാകുമ്പോള്‍ - ജീവിക്കുന്നത് ആരുടെയും ഔദാര്യമല്ലെന്നും ഞങ്ങളുടെ അവകാശമാണെന്നും ഉറക്കെ പറയാന്‍ സമുദായത്തിനു സാധിക്കാതെ പോയി. അങ്ങനെ കോണ്‍ഗ്രസ് ഏതൊരു കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും അവരുടെ നിലയും നിലപാടുമൊന്നും പരിശോധിക്കാതെ പോയി വോട്ടുചെയ്‌ത് ജയിപ്പിക്കാന്‍ കടപ്പെട്ടവരായി പില്‍ക്കാലത്ത് മുസ്‌ലിംകള്‍ മാറി. ഇതിനൊരു മാറ്റം ഉണ്ടാവുന്നതും കൂട്ടം തെറ്റിയ ന്യൂനപക്ഷം കോണ്‍ഗ്രസിതര ഇടം തേടി മറ്റു പാര്‍ട്ടികളെ അന്വേഷിക്കുന്നതും 1992 ലെ ബാബരി മസ്‌ജിദ് ദുരന്തത്തിനു ശേഷമാണ്. ബാബരി മസ്‌ജിദ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് തങ്ങളെ പരസ്യമായി വഞ്ചിക്കുകയായിരുന്നു എന്ന് സാധാരണ മുസ്‌ലിംകള്‍ പോലും തിരിച്ചറിഞ്ഞത് കോണ്‍ഗ്രസിന്റെ അടിത്തറയിളക്കി. പിന്നീടൊരിക്കലും സ്വന്തമായി അധികാരത്തില്‍ വരാന്‍ ആ പാര്‍ട്ടിക്ക് സാധിച്ചില്ല എന്നത് കോണ്‍ഗ്രസ് കീഴടക്കി വെച്ചിരുന്ന മുസ്‌ലിം വോട്ട്‌ബാങ്കിന്റെ ശക്തി ബോധ്യപ്പെടുത്തുന്നു.
കൂട്ടം തെറ്റിയ മുസ്‌ലിംകളുടെ നാഥനില്ലാ അവസ്ഥയെ സമര്‍ത്ഥമായി ചൂഷണം ചെയ്യാന്‍ തൊണ്ണൂറുകളില്‍ ഉദയം ചെയ്‌ത പ്രാദേശിക പാര്‍ട്ടികള്‍ക്കും മറ്റും സാധിച്ചു. അങ്ങനെയാണ് ഉത്തര്‍പ്രദേശില്‍ മുലായം സിങ് യാദവും ബീഹാറില്‍ ലാലുപ്രസാദ് യാദവുമെല്ലാം ന്യൂനപക്ഷങ്ങളുടെ മിശിഹമാരായി അവതരിക്കുന്നത്. ഈ കക്ഷികളെല്ലാം അവസരങ്ങള്‍ക്കൊത്ത് മുസ്‌ലിം വികാരങ്ങള്‍ മുതലെടുത്ത് അവരെ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള കേവല ഉപകരണങ്ങളാക്കി മാറ്റി എന്നല്ലാതെ, അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിച്ചില്ല. മുസ്‌ലിം നേതാക്കളായി കുപ്പായമിട്ടവര്‍ക്കാവട്ടെ, തങ്ങളുടെ കുറേ വ്യക്തി താല്‍പര്യത്തിനപ്പുറം സമുദായത്തിന്റെ സമുദ്ധാരണം വിഷയമേ ആയിരുന്നില്ല. കോണ്‍ഗ്രസില്‍ നിന്നും മറ്റും പാഠങ്ങളുള്‍കൊണ്ട് സ്വന്തമായി ഒരിടം ഉണ്ടാക്കിയെടുക്കുന്നതിനു പകരം, മതസംഘടനകളും മതനേതാക്കളുമെല്ലാം ഏതെങ്കിലുമൊരു മുഖ്യധാര രാഷ്‌ട്രീയ പാര്‍ട്ടിയുടെ മെഗാഫോണായി വര്‍ത്തിക്കുകയാണുണ്ടായത്. ദയൂബന്ദികള്‍ക്ക് കോണ്‍ഗ്രസ് ഒരു രാജ്യസഭാ സീറ്റ് കൊടുത്തതോടെ ദയൂബന്ദികള്‍ കോണ്‍ഗ്‌സിന്റെ ബി ടീമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ബറേല്‍വി വേദികളില്‍ ചെന്ന് അവരെക്കാള്‍ ആവേശത്തില്‍ മുലായം സിങ് മുസ്‌ലിം സമുദാത്തെ പൊക്കി പറഞ്ഞപ്പോള്‍, അവര്‍ക്ക് യാദവ പുത്രന്‍ `മൗലാനാ മുലായം' ആയി. ഞങ്ങളുള്ളതുകൊണ്ടാണ് ഇന്ത്യയില്‍ മുസ്‌ലിംകള്‍ നിലനില്‍ക്കുന്നതെന്ന് അഭയാര്‍ത്ഥിയായി വന്ന ഖുത്വുബുദ്ദീന്‍ അന്‍സ്വാരിയുടെ ചിത്രമുയര്‍ത്തിപ്പിടിച്ച് മാര്‍കിസ്റ്റു പാര്‍ട്ടി ഊറ്റം കൊണ്ടപ്പോള്‍, അബ്‌ദുറസ്സാഖ് മൊല്ലയില്‍ പശ്ചിമ ബംഗാളിലെ മുസ്‌ലിംകള്‍ അഭയം പ്രാപിച്ചു.
നാഥനില്ലാ പട നായ്‌പ്പട എന്ന അവസ്ഥയാണ് ഇന്ത്യയിലെ മുസ്‌ലിംകളെ ഇത്തരമൊരു ദുരവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ എടുത്തു പറയാവുന്ന, ജനകീയനായ ഒരു മുസ്‌ലിം നേതാവ് സമുദായത്തിനുണ്ടായില്ല. മുഖ്യധാരാ രാഷ്‌ട്രീയ കക്ഷികള്‍ അത്തരം ആളുകള്‍ വളര്‍ന്നു വരുന്നത് ഭയന്നു. അവരെ തടയിടാന്‍ പാര്‍ട്ടികത്തും പുറത്തും ചരടുവലികള്‍ നടന്നു. അത്തരം ഘട്ടങ്ങളില്‍ പോലും കാര്യങ്ങളുടെ പോക്ക് തിരിച്ചറിഞ്ഞു പുതിയൊരു വഴിവെട്ടിതെളിയിക്കുകയും പുതിയൊരു നേതൃത്വത്തെ പ്രമോട്ട് ചെയ്യുകയും ചെയ്യേണ്ടതിനു പകരം നിഷ്‌ക്രിയരായിരിക്കാനാണ് സമുദായത്തിലെ മതരാഷ്‌ട്രീയ കൂട്ടായ്‌മകളെല്ലാം ശ്രമിച്ചത്.
രാജ്യത്ത് ഏറെ പിന്നാക്കം നില്‍ക്കുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്‌ത ദലിതുകള്‍ പോലും സ്വത്വരാഷ്‌ട്രീയത്തിന്റെ വഴി തിരിച്ചറിയുകയും സ്വന്തമായി അധികാരത്തിന്റെ വഴി കണ്ടെത്തുകയും ചെയ്‌തത് കഴിഞ്ഞ ദശകങ്ങളിലാണ്. മായാവതിയുടെ ബി.എസ്.പിയും മറ്റും അതിന്റെ ഉദാഹരണം. ആ ഒരു സമയത്തു പോലും തിരിച്ചറിവിന്റെ തീ പന്തത്തിനു തിരികൊളുത്താന്‍ സമുദായത്തിന്റെ കാര്യസ്ഥന്മാര്‍ക്ക് സാധിച്ചില്ല. അപ്പോഴും നമ്മുടെ `മൗലാന'മാര്‍ താല്‍ക്കാലിക ലാഭത്തിനും വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കും വേണ്ടി മുഖ്യധാരാ രാഷ്‌ട്രീയത്തിലെ ഏമാന്മാരുടെ കാലുതിരുമ്മുകയായിരുന്നു. അവര്‍ക്ക് മോദി വന്നാലും അഡ്വാനി വന്നാലും പ്രശ്‌നമില്ല. രാഹുലാണെങ്കിലും കെജ്രിവാളാണെങ്കിലും സാരമില്ല. ദീപസ്‌തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം എന്നത് മാത്രമാണവരുടെ നിലപാട്. മുസ്‌ലിംകള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഓരോ ഗ്രൂപ്പും, സമുദായത്തിന്റെ പേരുവെച്ച ഈര്‍ക്കിലിപ്പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി, മുഖ്യധാരാ രാഷ്‌ട്രീയതത്തിലെ കപടവേഷക്കാരെ പാര്‍ലമെന്റിലേക്ക് അയക്കുന്ന വലിയ`ബുദ്ധി'യാണ് ഇവിടെങ്ങളിലെല്ലാം സമുദായ നേതൃത്വം സ്വീകരിക്കാറ്.
സ്വതരാഷ്‌ട്രീയം, സാമുദായിക രാഷ്‌ട്രീയം തുടങ്ങിയ തിരിച്ചറിവുകള്‍ കേരളം പോലുള്ള അപൂര്‍വ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും, രാജ്യത്തെ ന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന സ്വഭാവത്തിലേക്ക് വളരാനോ, ക്രാന്തദര്‍ശിത്വമുള്ള ഒരു ദേശീയ നേതാവിനെ ഉയര്‍ത്തിക്കൊണ്ടുവരാനോ അവക്ക് സാധിച്ചില്ല. തങ്ങളുടെ സ്‌ട്രെച്ചര്‍ വികസിപ്പിക്കണമെന്ന ചിന്തയോ, ദേശീയ രാഷ്‌ട്രീയത്തില്‍ ദലിത്-പിന്നാക്ക-ന്യൂനപക്ഷങ്ങളുടെ മുഖമാകണമെന്ന ബോധമോ അവര്‍ക്കില്ല. സ്വന്തം സമുദായത്തിന്റെ വൃത്തത്തിനപ്പുറം ദലിത് പിന്നാക്ക കൂട്ടായ്‌മകളെ എങ്ങനെ സംഘടിപ്പിക്കാമെന്നും അവയിലൂടെ കരുത്ത് നേടാമെന്നുമുള്ള വിചാരം അവര്‍ക്കില്ല. കേരളത്തിലെ ന്യൂനപക്ഷ രാഷ്‌ട്രീയവും ഹൈദരാബാദിലെ മജ്‌ലിസുമെല്ലാം അതിന്റെ ഉദാഹരണമാണ്. നില്‍ക്കുന്ന ഇടത്തു നിന്ന് ഒരടി മുന്നോട്ടു പോകാനുള്ള ത്രാണിയും ചങ്കുറപ്പും അവക്കില്ലെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടാണല്ലോ മജ്‌ലിസ് ഒരു ലോകസഭാ സീറ്റിലും നാല് നിയമസഭാ സീറ്റിലുമായി കറങ്ങുന്നതും, രണ്ട്-ഇരുപത് അനുപാതത്തില്‍ നില്‍ക്കുന്നതും. എട്ട് നിയമസഭാംഗങ്ങളുള്ള കെ.എം മാണി രണ്ട് പാര്‍ലെമെന്റ് സീറ്റിനു വേണ്ടി വാശിപിടിക്കുകയും സി.പി.ഐ പോലുള്ള കൊച്ചുപാര്‍ട്ടികള്‍ മുന്നണി സംവാധാനത്തിനകത്തു നിന്നുകൊണ്ടു തന്നെ നാല് സീറ്റില്‍ മത്സരിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്താണിതെന്നോര്‍ക്കണം. വിഭജനാനന്തരം കുറച്ചെങ്കിലും വേരുകളുണ്ടായ കേരളേതര പ്രദേശങ്ങളില്‍ ന്യൂനപക്ഷ രാഷ്‌ട്രീയം വേരറ്റു പോയതിന്റെ കാരണം അന്വേഷിക്കേണ്ടതും ഇവിടെയാണ്. സംസ്ഥാനരാഷ്‌ട്രീയത്തിലെ കുറേ സ്ഥാനമാനങ്ങളും വ്യക്തിപരമായ `ഇടപാടുകളും' സാധിക്കുക എന്നതിനപ്പുറം അജണ്ടകള്‍ നീങ്ങുന്നില്ലെന്നതിന്റെ സൂചനയാണിവ. ആ ഒരു ഗ്യാപിലേക്കാണ് വിഘടന വാദവും തീവ്രമനോഭാവവും വെച്ചുപുലര്‍ത്തുന്ന കക്ഷികള്‍ കയറിക്കൂടാന്‍ ശ്രമിക്കുന്നതും സാമുദായിക വികാരം മുതലെടുക്കുന്നതും.
ഇത് തിരിച്ചറിയാനും രാജ്യത്ത് ദലിത്-പിന്നാക്ക-ന്യൂനപക്ഷങ്ങളുടെ കൂട്ടായ്‌മയായി നിലകൊള്ളാനും സാമുദായ നേതൃത്വത്തിനു സാധിക്കണം. അവിഭക്ത ഭാരതത്തിലെ മുഖ്യധാരാ രാഷ്‌ട്രീയത്തെ പ്രതിനിധാനം ചെയ്‌ത കോണ്‍ഗ്രസ് മേലാള ജാതികളെയും ഉപരിവര്‍ഗത്തെയും പ്രതിനിധാനം ചെയ്‌തപ്പോള്‍, മുസ്‌ലിം ലീഗായിരുന്നു പിന്നാക്ക ദലിതുകള്‍ക്കു വേണ്ടി നിലകൊണ്ടതും ശബ്‌ദിച്ചതും. ഗാന്ധിജിയുടെ പോലും വിമര്‍ശനം വകവെക്കാതെ താഴ്‌ന്ന ജാതിക്കാരനു വേണ്ടി ഊക്കോടെ ശബ്‌ദിച്ചതുകൊണ്ടാണതിനു ഇന്ത്യയിലെ പ്രതിപക്ഷമായി ജ്വലിച്ചുയരാനായത്. അതൊരു ചരിത്രം മാത്രമല്ല. പുതിയ കാലത്തെ ന്യൂനപക്ഷ നേതൃത്വം ഉള്‍കൊള്ളേണ്ട മാതൃക കൂടിയാണ്.
------by----
http://www.sathyadhara.com/leed_1.html
എസ്.കെ.എസ്.എസ്.എഫ് മറ്റൊരു ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്നു....ലൈക്ക് നല്‍ക്കി നിങ്ങളും ഇതിന്റെ ഭാഗവത്താക്കുക
https://www.facebook.com/SkssfKoduvallyTown
ചത്ത മതത്തില്‍ നിന്നും ജീവനുളള ഇസ്‌ലാമിലേക്ക്...
പ്രമുഖ ഈജിപ്‌ഷ്യന്‍ പണ്ഡിതനും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്ത ിക്കുന്ന ഇഹ്‌സാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് ഡയറക്‌ടറുമായ ശൈഖ് അഹ്‌മദ് മുഹമ്മദ് സആദ് സംസാരിക്കുന്നു...
നയനങ്ങള്‍ക്ക് ഗോചരമായതിന്റെയും അഗോചരമായതിന്റെയും ഇടയിലെ കണ്ണിയും ശരീഅത്തിന്റെയും ഹഖീഖത്തിന്റെയും ഇടയിലെ പാലവും ത്വരീഖത്താണ്. ഇസ്‌ലാമിക ചരിത്രത്തില്‍ മുസ്‌ലിം ജനസാമാന്യവും പണ്ഡിതരും, ഭരണാധികാരികള്‍ തന്നെയും അല്ലാഹുവിന്റെ ഔലിയാക്കള്‍ക്ക് കാതോര്‍ത്തിരുന്നു.
സയ്യിദ് അബുല്‍ ഹസന്‍ അശ്ശാദുലി(റ) ഭരണകര്‍ത്താക്കള്‍ക്കും പട്ടിണിപാവങ്ങള്‍ക്കും ഇടയില്‍ കാര്യവര്‍ത്തിയായി നിലകൊണ്ട മഹത് വ്യക്തിത്വമായിരുന്നു. ചരിത്രത്തില്‍ സൂഫികള്‍ എന്നും ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും ഇടയിലെ കണ്ണിയായി നിലകൊണ്ട് പൊതു സമൂഹത്തിലെ അവിഭാജ്യ ഘടകമായി വര്‍ത്തിച്ചു. അവര്‍ സാമൂഹിക വിഷയങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടുകയും ജനകീയ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുകയും ചെയ്‌തു. കുരിശ് യുദ്ധകാലത്ത് മുസ്‌ലിം സമൂഹത്തിന്റെ രക്ഷക്കായി പ്രശസ്‌തമായ `ഹിസ്‌ബുന്നസ്‌ര്‍' സേന രൂപീകരിച്ചത് ഇമാമിന്റെ നേതൃത്വത്തിലായിരുന്നു. പ്രയാസങ്ങളുടെ സമയത്ത് അത്താണിയായി സൂഫികളെ മനസ്സിലാക്കിയ പൊതുസമൂഹം അവരെ അങ്ങേയറ്റം ബഹുമാനിച്ചു. സയ്യിദ് അഹ്‌മദ് ബദവി(റ) യുദ്ധതടവുകാരെ തിരിച്ചുകൊണ്ട് വരാന്‍ തന്റെ കറാമത്ത് ഉപയോഗിച്ചത് സുപ്രസിദ്ധമാണ്.
സൂഫികളുടെ നായകത്വം ജനഹൃദയങ്ങളിലാണ്. മഹത്വമാക്കപ്പെട്ട ആത്മാവുകള്‍ ഇഹലോകം വെടിയുമ്പോള്‍ നാമാരും `മരിച്ചു' എന്ന് പറയാറില്ല. മറിച്ച് യാത്രയായി എന്ന പദമാണ് സര്‍വസാമാന്യമായി ഉപയോഗിക്കാറ്. ഒരു വലിയ്യിന്റെ മഖ്‌ബറ ഉള്‍ക്കൊള്ളാത്ത വലിയ മസ്‌ജിദുകള്‍ മുസ്‌ലിം ലോകത്ത് വളരെ വിരളമാണ്. സര്‍വ ഔലിയാക്കളുടെയും നേതൃത്വമലങ്കരിക്കുന്ന പുണ്യ പ്രവാചകരുടെ(സ്വ) മസ്‌ജിദുന്നബവി തന്നെ ഉദാഹരണം. ജനങ്ങള്‍ അവരെ റസൂലുല്ലാഹിയുടെ യഥാര്‍ത്ഥ പിന്മുക്കാരായി തിരിച്ചറിഞ്ഞതിനാലാണിത്. സൃഷ്‌ടികളെ സൃഷ്‌ടാവുമായി ഘടിപ്പിക്കുന്നതിനായുള്ള സന്ദേശങ്ങളാണ് അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ഇസ്‌ലാമിന്റെ ശത്രുനിരക്കെതിരെയുള്ള യുദ്ധങ്ങളില്‍ എന്നും മുന്‍നിര നിയന്ത്രിച്ചത് സൂഫികളായിരുന്നു. വിഖ്യാത പോരാളി സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി പഠനം പൂര്‍ത്തീകരിച്ചത്, സയ്യിദുനാ അബ്ദുല്‍ ഖാദര്‍ ജീലാനി തങ്ങളുടെ മദ്‌റസയില്‍ നിന്നായിരുന്നു.
ഏതൊരു തത്വശാസ്‌ത്രത്തെയും പോലെ തസവ്വുഫിനും ചരിത്രത്തില്‍ ഉയര്‍ച്ചയും താഴ്‌ച്ചയും ഉണ്ടായിട്ടുണ്ട്. തസവ്വുഫിന്റെ അടിസ്ഥാന തത്വങ്ങളേക്കാളുപരി അതിന്റെ വായനയിലെ വ്യതിയാനങ്ങളാണ് ഇതിന് ഹേതുവായത്. എന്നാല്‍, ചില സൂഫികള്‍ അനുഷ്‌ഠിക്കുന്ന തെറ്റായ രീതികളെ കാരണമാക്കി തസവ്വുഫിന്റെ അസ്‌തിത്വത്തെ തന്നെ നിരാകരിച്ച് ചില വ്യക്തികള്‍ കടന്നു വന്നതാണ് കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. അടിസ്ഥാനപരമായി നാം ഒരു ആശയത്തെ വ്യക്തിയില്‍നിന്ന് മാറ്റിനിര്‍ത്തേണ്ടതായുണ്ട്. ഒരു വ്യക്തിക്ക് താന്‍ വിശ്വസിക്കുന്ന ആദര്‍ശങ്ങള്‍ക്ക് അനുസൃതമായി ജീവിതം കെട്ടിപ്പടുക്കാന്‍ കഴിയാതെ വരുന്നത് തികച്ചും പ്രകൃതിപരമാണ്. ആശയങ്ങളുടെ അപഗ്രഥനം വ്യക്തികളുടെ വിലയിരുത്തലുകളില്‍ കൂടി മാത്രമല്ല നടക്കേണ്ടത്. ചിലരുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി തസവ്വുഫിനെ തന്നെ വിമര്‍ശന വിധേയമാക്കുന്നത് തികച്ചും അനീതിയാണ്. ഇത്ര വിമര്‍ശനപരത എത്രത്തോളം തീവ്രമായെന്നാല്‍ മുസ്‌ലിം സമൂഹത്തെ ശിയ, സുന്നി, സൂഫി എന്ന മൂന്ന് ഉപശാഖകളിലേക്ക് തരം തിരിക്കുന്നിടം വരെയെത്തിയത്. മനുഷ്യകുലത്തെ പുരുഷന്‍, സ്‌ത്രീ, മനുഷ്യന്‍ എന്നിങ്ങനെ മൂന്നായി തരംതിരിക്കുന്ന പോലെ ബുദ്ധിശൂന്യതയാണ്. അടിസ്ഥാനപരമായി പുരുഷനും സ്‌ത്രീയും മനുഷ്യരാണല്ലോ. അപ്രകാരം തസ്വവുഫ് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ മേഖലയാണ്.
എന്നാല്‍ തസവ്വുഫ് ഇസ്‌ലാമിന്റെ മര്‍മമാണെന്നത് പൊതുജനം തിരിച്ചറിയേണ്ടതുണ്ട്. അവര്‍ അനായാസയതയെ ഇഷ്‌ടപ്പെടുന്നവരാണ്. എന്നാല്‍ തസവ്വുഫ് ജീവിതസംബന്ധിയായ സമസ്യകള്‍ക്കുള്ള ആഴമേറിയ വിവരണമാണ്. മാര്‍ക്കറ്റില്‍നിന്നും മൂല്യമുള്ള വസ്‌തുക്കള്‍ തിരിച്ചറിയാന്‍ സാധാരണക്കാര്‍ വിഷമിക്കാറുള്ളത് നാം കാണുന്നു. അതിന് വര്‍ദ്ധിച്ച വില കാണും. പലപ്പോഴും അതിന് വിലകുറഞ്ഞ വസ്‌തുവിനോളം ആകര്‍ഷണീയതയുമുണ്ടാകില്ല. അതുപോലെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പണ്ഡിതര്‍ക്ക് തസവ്വുഫിന്റെ അസ്‌തിത്വത്തെ സ്ഥാപിക്കാനുള്ള കഠിന പ്രയത്‌നത്തിനിടയില്‍ അതിന്റെ മനോഹാര്യതയെ വ്യക്തമാക്കാന്‍ സാധിച്ചില്ല.
അതോടൊപ്പം ആഗോളീകരണത്തിന്റെ രൂപത്തില്‍, തസവ്വുഫും വിശ്വാസം തന്നെയും വലിയ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന കാലമാണിത്. വ്യക്തികള്‍ അതിവേഗം വിശ്വാസത്തില്‍നിന്ന് അകന്ന് കൊണ്ടേയിരിക്കുന്നു. തങ്ങളുടെ ഉത്‌പാദന ക്ഷമത മാനസിക സഞ്ചാരികള്‍ക്കും വിശ്വാസം കൂച്ച് വിലങ്ങിടുന്നു എന്ന ചിന്തയാണ് മിക്കവരെയും വിശ്വാസത്തില്‍നിന്ന് അകറ്റുന്നത്. അവര്‍ വിശ്വാസരഹിതമായ സ്വതന്ത്ര ജീവിതത്തെ സ്വപ്‌നം കാണുന്നു. എന്നാല്‍ അവരറിയുന്നില്ല വിശ്വാസം അവരെ പരിപൂര്‍ണ സ്വാതന്ത്ര്യത്തിലേക്കെത്തിക്കുന്നുവെന്ന്. ഇപ്പോള്‍ കാര്യമായി ഉയര്‍ത്തപ്പെടുന്ന ചോദ്യമിതാണ്;
തസവ്വുഫിന്റെ കാലിക പ്രസക്തിയെന്ത്?
ഇസ്‌ലാമിനെ കൈയൊഴിയുന്നവരില്‍ നടത്തിയ പഠനത്തില്‍ ഭൂരിപക്ഷത്തിന്റെയും പ്രേരണയായത് രണ്ട് കാര്യങ്ങളിലാണ്. 1- മതത്തെ പരിചയപ്പെടുത്തുന്ന പണ്ഡിതരുടെ പരുക്കന്‍ സ്വഭാവം.2- വിശ്വാസ പ്രമാണങ്ങളും പ്രവൃത്തിയും തമ്മിലുള്ള അന്തരം.
വിശ്വാസം കൈവെടിഞ്ഞ ഓരോര്‍ത്തര്‍ക്കും ആഴത്തില്‍ മുറിവേല്‍പിച്ച മുന്‍കാല അനുഭവങ്ങളുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവനോട് ഏതെങ്കിലും തരത്തില്‍ പണ്ഡിത വേഷധാരികള്‍ മോശമായി പെരുമാറുകയോ പരിഹസിക്കുകയോ ചെയ്‌തിട്ടുണ്ടാവാം. അതില്‍നിന്നും വ്യക്തമാവുന്നത്, പ്രശ്‌നം വിശ്വാസത്തിനല്ല. മറിച്ച് വ്യക്തികള്‍ക്കാണെന്നാണ്. അതോടൊപ്പം തന്നെ വിശ്വാസ നിരാസത്തിലേക്ക് വ്യക്തിയെ നയിക്കുന്ന മറ്റൊരു പ്രധാന ഘടകം, മനസ്സിന്റെ വരള്‍ച്ചയും മതത്തിന്റെ ആചാരപരതയുമാണ്. യഥാര്‍ത്ഥത്തില്‍ കലുഷിതമായ ഇത്തരം പ്രശ്‌നങ്ങളെല്ലാം ഈ ഫേസ്‌ബുക്ക് യുഗത്തിലും തസവ്വുഫിന്റെ പ്രാധാന്യം വിളിച്ചോതുന്ന ചില ഉത്തരങ്ങള്‍ മാത്രമാണ്.
വീണ്ടും ചിസ ചോദ്യം ഉയര്‍ത്തപ്പെടുന്നു; തസവ്വുഫിനെ റിട്വീറ്റ്` ചെയ്യുക സാധ്യമാണോ?
തസവ്വുഫ് സംബന്ധിയായി എന്തെങ്കിലും നാം പോസ്റ്റ് ചെയ്യുമ്പോല്‍ അനേകം ലൈക്കുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് കാണിക്കുന്നത് നാം ജീവിക്കുന്നത് ശൂന്യതയുടെ ലോകത്താണെന്നാണ്. കഴിഞ്ഞ തലമുറകളേക്കാള്‍ ആസ്വാദനത്തിനായി അനേകം മാധ്യമങ്ങള്‍ ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ വലിയ ടി.വി. സ്‌ക്രീനുകളുണ്ടെങ്കിലും ഇടുങ്ങിയ മനസുകളാണ് നമുക്കുള്ളത്. വിജ്ഞാന സംപ്രേഷണം അതിവേഗതയിലാണെങ്കിലും അമാന്തമായ അപഗ്രഥന ശക്തിയാണ് നമുക്കുള്ളത്. ദിനംപ്രതി പുതിയ സംഭവ വികാസങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും ഹൃദയത്തില്‍ വല്ലാത്തൊരു ശൂന്യത അനുഭവപ്പെടുന്നു. ആ ശൂന്യതയെ നിറക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍പോലും വൃഥാവിലാകുന്നു. നമുക്ക് വേദന സംഹാരി കൊടുക്കാനേ സാധിക്കുന്നുള്ളൂ. പരിപൂര്‍ണ ചികിത്സ കഴിയുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇതിനെല്ലാം കാരണം `ഈ ലോകത്ത് നീയെന്ത് ചെയ്യുന്നു?' എന്ന അടിസ്ഥാന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയാത്തതാണ്.ഞാനിവിടെ സ്ഥിരവാസക്കാരനാണ് എന്ന മിഥ്യാധാരണയില്‍ അഭിരമിക്കുകയാണ് ജനം. എന്നാല്‍ ലളിതമായി പറഞ്ഞാല്‍, എയര്‍പോര്‍ട്ടില്‍ സ്ഥിരവാസം വിദഗ്‌ധമല്ലല്ലോ. നിന്റെ ജീവിതം നിന്റെ ലക്ഷ്യസ്ഥാനത്താണ്. നമുക്ക് വലിയ വലിയ വീടുകളുണ്ടെങ്കിലും ഗൃഗസ്ഥരായി അനുഭവപ്പെടുന്നേയില്ല. അഭിമുഖ സംഭാഷണത്തേക്കാള്‍, കുടുംബത്തേക്കാള്‍ നാം വാട്‌സ് ആപിനെ ഇഷ്‌ടപ്പെടുന്നു. എട്ടാം നൂറ്റാണ്ടിലെ സൂഫി ഇബ്‌ന് അതാഉല്ലാഹ് അസ്സിക്കന്ദരീ(റ) ഈ യഥാര്‍ത്ഥത്തെ മനോഹരമായി ഉള്‍ക്കൊള്ളിക്കുന്നത് ഇങ്ങനെയാണ്.
"Wo has he lost who had found you 10 Allah and who has he found who had lost you 10 Alla-h”
ഓ അല്ലാഹ്, നിന്നെ കണ്ടെത്തിയവന് നഷ്‌ടപ്പെടാനെന്താണുള്ളത്. ഓ അല്ലാഹ് നിന്നെ നഷ്‌ടപ്പെടുത്തിയവന്‍ നേടുന്നതെന്താണ്?'
ഈ കാലഘട്ടത്തില്‍ തസവ്വുഫിന്റെ അടിസ്ഥാന ലക്ഷ്യം ജീവിതം അര്‍ത്ഥവത്താക്കുക എന്നതാണ്. അല്ലാഹുവില്ലാത്ത നിന്റെ ജീവിതം അര്‍ത്ഥരഹിതമാണെന്ന് തസവ്വുഫ് ജനങ്ങളോട് ഉദ്‌ഘോഷിക്കുന്നു. അതുകൊണ്ട് തന്നെയാണ് അവന്‍ കാണുന്നതുപോലെ നീ ആരാധിക്കുക എന്ന പ്രവാചകപ്രഭു മൊഴിഞ്ഞത്. അല്ലാഹുവുമായി ബന്ധപ്പെടുത്തിയ ജീവിതം കെട്ടിപ്പെടുക്കുക. ആ ഖണ്ഡം നഷ്‌ടപ്പെടുന്ന നിമിഷത്തില്‍ ജീവിതത്തിന്റെ അര്‍ത്ഥവും നഷ്‌ടമാകുന്നു. നാം അല്ലാഹുവിനെ ഓര്‍ക്കാന്‍ വേണ്ടി മാത്രമായി ദിനംപ്രതി അര മണിക്കൂര്‍ പോലും മാറ്റിവെക്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ ശേഷിച്ച മണിക്കൂറുകളില്‍ പ്രവര്‍ത്തിക്കാനുള്ള ശാന്തത ലഭ്യമാകാന്‍ ഇത് അനിവാര്യമാണെന്ന് നാം തിരിച്ചറിയുന്നുമില്ല. അതിനാല്‍ നമ്മുടെ മനസ്സ് തളര്‍ന്നതും ശ്രദ്ധ തെറ്റുന്നതുമാകുന്നു. തളര്‍ച്ച ബാധിച്ച ആത്മാവിനും ശ്രദ്ധ വ്യതിചലിച്ച മനസിനും മഹനീയ സേവനം സാധ്യമല്ല തന്നെ. ഇതാണ് ആധുനിക ലോകത്ത് സംഭവിച്ചത്. നമുക്ക് ചുറ്റുപാടും നടമാടുന്നതെല്ലാം വിരല്‍ചൂണ്ടുന്നത് നഷ്‌ടമായ മനുഷ്യന്റെ മൂല്യത്തിലേക്കാണ്. മനുഷ്യനാണ് ഇന്ന് ഏറ്റവും വിലയിടിഞ്ഞ വസ്‌തു. അവന്‍ ബാങ്കിലും ഇന്റര്‍നെറ്റിലും ഗവണ്‍മെന്റ് റെക്കോര്‍ഡുകളിലുമെല്ലാം വെറും സംഖ്യകളിലേക്ക് ചുരുങ്ങിപ്പോയിരിക്കുന്നു. സംഖ്യയുടെ മൂല്യം പരിമിതമാണ്. എന്നാല്‍ മനുഷ്യന്റെ മൂല്യം അനന്തവും, സംഖ്യ മനുഷ്യസൃഷ്‌ടിയും, മനുഷ്യന്‍ അല്ലാഹുവിന്റെ ഉത്‌കൃഷ്‌ട സൃഷ്‌ടിയുമാണ്. അതിനാലാണ് ഉമര്‍(റ) ഒരിക്കല്‍ പറഞ്ഞത്; അബൂഉബൈദതില്‍ ജര്‍റാഹ്(റ)നെ പോലുള്ള വ്യക്തികള്‍ നിറഞ്ഞ ഒരു ഗേഹമുണ്ടാകാന്‍ ഞാന്‍ കൊതിക്കുന്നു. മാനസിക മൂല്യത്തിന്റെ അപാരശക്തിയുടെ തിരിച്ചറിവാണിത്.
തസവ്വുഫ് മനുഷ്യനെ സ്വന്തം മൂല്യത്തെ കുറിച്ച് ബോധവാനാക്കുന്നു. അടിമയാക്കുന്ന സര്‍വ്വ വികാരങ്ങളില്‍നിന്നും സ്വതന്ത്രനാക്കുന്നതിലൂടെ മനുഷ്യന് ഈ പ്രപഞ്ചത്തിന്റെ നായകനാകാമെന്ന് തസവ്വുഫ് അവനെ ഓര്‍മപ്പെടുത്തുന്നു. അതിനാലാണ് പണ്ഡിതര്‍ അല്ലാഹുവല്ലാത്ത എല്ലാത്തിനെയും `അഗ്‌യര്‍ അഥവാ മാറ്റമുള്ളത് എന്ന പൊതു ഗണത്തില്‍ ഒരുക്കിയത്. ആ `മാറ്റമുള്ള'വയില്‍നിന്നും സ്വതന്ത്രനാക്കുന്നതിലൂടെ നീ നിന്റെ മൂല്യത്തെ വീണ്ടെടുക്കുന്നു.
ഈ കാലഘട്ടത്തില്‍, മതകീയ തലത്തില്‍ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്നതിലൂടെ തസവ്വുഫിന് ഗണിക്കാനാകുന്ന പങ്ക് വലുതാണ്. ജനഹൃദയങ്ങളെ കരുണയോളം ആകര്‍ഷിക്കുന്ന വികാരമില്ല.തസവ്വുഫ് കെട്ടിപ്പടുക്കപ്പെട്ടത് കരുണയിലാണ്. തന്നെ ക്ഷീണിതരായ ഒരുപറ്റം ഹൃദയങ്ങള്‍ തീരാത്ത ദീനീ സംശയങ്ങളുമായി സമീപിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ അവയെല്ലാം ആത്മീയ പ്രശ്‌നങ്ങള്‍ തന്നെയാണ്. അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ വേണ്ടത് സ്‌നേഹത്തില്‍ ചാലിച്ച ഒരു വാക്കോ, തോളുകളിലുള്ള മൃദുലമായ ഒരു തലോടലോ മാത്രമാണ്. തസവ്വുഫില്ലാതെ ഇസ്‌ലാം വരണ്ടുണങ്ങിയതാണ്. കാരണം എടുത്ത് മാറ്റപ്പെടുന്നത് ദീനിന്റെ ആത്മാവ് തന്നെയാണ്.
ഇഹലോകത്ത് നിനക്ക് ദിശ കാണിക്കാന്‍ തസവ്വുഫിനാകും. ഇഹലോകം ഒരു സമുദ്രംപോലെയാണ്. നിന്റെ ലക്ഷ്യസ്ഥാനമേ അല്ല. കടലില്‍ യാത്ര ചെയ്യുമ്പോള്‍ തിരമാലകളെ പ്രതീക്ഷിക്കണം. അതിനാല്‍ ജീവിതമാകുന്ന കടലിലൂടെ സഞ്ചരിക്കാന്‍ നീ കപ്പല്‍ പണിയുക. തിരമാലകകളെ പ്രതീക്ഷിക്കുക. പ്രായോഗിക കാര്യങ്ങള്‍ക്ക് വേണ്ടി മനോഹരമായി പദ്ധതി രൂപീകരിക്കുക, എന്നാല്‍ നീ തന്നെ വലിയ മറ്റൊരു പദ്ധതിയുടെ ഭാഗമാണെന്ന് മനസ്സിലാക്കുക.
തസവ്വുഫ് നമ്മെ നേതൃത്വത്തെ പിന്‍പറ്റാന്‍ പഠിപ്പിക്കുന്നു. വൈയക്തികമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ഇത് തിരിച്ചറിയാതെ ഓരോരുത്തരും നേതാവായി ചമഞ്ഞാല്‍ ലോകം ഗുരുതരവും സങ്കീര്‍ണവുമായ പ്രശ്‌നങ്ങളിലേക്ക് കൂപ്പുകുത്തും. പ്രവാചകര്‍(സ്വ) പറഞ്ഞു: ജനങ്ങള്‍ അഭിപ്രായങ്ങളെ ഇഷ്‌ടപ്പെടുകയും അതില്‍ കടുംപിടുത്തം പിടിക്കുകയും സ്വന്തം തൃഷ്‌ണകളെ പിന്‍പറ്റുകയും ചെയ്യുന്നതായി നീ കണ്ടാല്‍, വിധിനിര്‍ണയത്തിന്റെ ദിനത്തിനായി കാത്തിരിക്കുക. ചെറിയ ആട്ടിന്‍പറ്റത്തിന് പോലും ഒരു ഇടയനുണ്ടാകും. അതുപോലെ നേതൃത്വം മാനവികതക്ക് അനിവാര്യമായതാണ്. അങ്ങനെ ആയിരുന്നില്ലെങ്കില്‍ അല്ലാഹു പ്രവാചകരെ നിയമിച്ച് അയക്കുമായിരുന്നില്ല. അനുഭവിക്കാനുള്ളവര്‍ക്ക് മാത്രമേ അതില്ലാത്തവരെ നയിക്കാനാകൂ. അതുപോലെ തന്നെ പ്രത്യക്ഷത്തിലുള്ളത് പോലെയല്ല എല്ലാം എന്ന യാഥാര്‍ത്ഥ്യം നേതൃത്വം നമുക്ക് കാണിച്ചു തരുന്നു. ഉദാഹരണത്തിന് ഒരു യാത്രക്കാരന് വിമാനം നിശ്ചമായി തോന്നിയേക്കാമെങ്കിലും ഒരു വിദഗ്‌ധന് അതിന്റെ വേഗത കൃത്യമായി കണക്കാക്കാനാകും. അവ്യക്തമായത് സംഭവിക്കുമ്പോള്‍ നാം നേതൃത്വത്തെ വിശ്വസിച്ചേ തീരൂ. ഫിത്‌നയുടെ കാലത്ത് നല്ല നേതൃത്വം അനിവാര്യതയാണ്. കാര്യങ്ങളുടെ യഥാര്‍ത്ഥ മുഖം പുറമേ കാണുന്ന പോലെയാകണമെന്നില്ല. അതിനാല്‍ `ശാന്തരാകുക' എന്ന് മന്ത്രിക്കുന്ന ഒരു നേതൃത്വം അത്യന്താപേക്ഷിതമാണ്.
നിങ്ങളുടെ ഇന്ദ്രിയങ്ങളെ വിശ്വാസത്തിലെടുക്കാതിരിക്കുക. അത് നിങ്ങളെ വഞ്ചിച്ചേക്കാം. ചരിത്രത്തില്‍ അത് സംഭവിച്ചിട്ടുമുണ്ട്. ഫറോവയുടെ മാന്ത്രികതയെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് നോക്കുക. യഥാര്‍ത്ഥത്തില്‍ ഇവിടെ വസ്‌തുവിന് മാറ്റം സംഭവിച്ചേക്കാം. മറിച്ച് കണ്ണ് എന്ന ഇന്ദ്രിയം വഞ്ചിക്കപ്പെടുകയായിരുന്നു. ആധുനിക കാലത്തെ ഫറോവയുടെ മാന്ത്രികരാണ് മീഡിയ. അവസാന നാളുകളില്‍ ദജ്ജാല്‍ ചെയ്യാന്‍ പോകുന്നതും ഇത് തന്നെയാണ്. അവന്‍ കാണിക്കുന്ന നരകം സ്വര്‍ഗമാകും. സ്വര്‍ഗം നരകവും. അപ്പോള്‍ ഇന്ദ്രിയങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവന്‍ ചതിക്കപ്പെടുകയും ഹൃദയംകൊണ്ട് വിധിക്കുന്നവന്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുകയും ചെയ്യും. ഖിദ്‌ര്‍(അ)നോടൊപ്പമുള്ള യാത്രകളില്‍ മൂസ(അ) ഇന്ദ്രിയങ്ങള്‍ക്കൊണ്ട് വിധിക്കുകയും മൂന്ന് പ്രാവശ്യവും അത് തെറ്റായി തീരുകയും ചെയ്യുന്ന സന്ദര്‍ഭം ഖുര്‍ആന്‍ അല്‍കഹ്‌ഫ് സൂറത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ദജ്ജാലിന്റെ ആപത്തില്‍നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായി അല്‍കഹ്‌ഫ് സൂറത്തിന്റെ കാരണമാക്കുന്നതിലും ഈ അകക്കാമ്പ് പ്രസക്തമാണ്.
ലോകം ഭൗതികവാദത്തില്‍ അഭിരമിച്ചിരിക്കുകയാണ്. ഇവിടെ മനുഷ്യന്‍ ഇന്ദ്രിയാനുഭൂതികള്‍ക്കായുള്ള ഓട്ടത്തില്‍ അതിന്റെ അടിമകളായി മാറിയിരിക്കുന്നു. തസവ്വുഫ്, ഹൃദയത്തെ, നമ്മെ നയിക്കാന്‍ പ്രാപ്‌തമാക്കുന്നു. അതിന്റെ പ്രാധാന്യം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. നാം തസവ്വുഫിന്റെ ചരിത്രത്തെ പുനര്‍വായനക്ക് വിധേയമാക്കുകയും അതിന്റെ യഥാര്‍ത്ഥ സ്രോതസ്സുകളോട് സഹവസിക്കുകയും വേണം. മാത്രമല്ല, ആത്മാര്‍ത്ഥതയോടും വൈജ്ഞാനികതയോടുമൊപ്പം തസവ്വുഫിനെ സമീപിക്കേണ്ടതായുണ്ട്. എന്നാല്‍ മാത്രമേ അതിന്റെ യഥാര്‍ത്ഥ മാധുര്യം രുചിക്കാന്‍ കഴിയൂ. ദുനിയാവിലെയും ആഖിറത്തിലെയും പ്രയാസങ്ങളില്‍നിന്ന് അല്ലാഹു നമ്മെ രക്ഷിക്കട്ടെ- - ആമീന്‍.
------by----
http://www.sathyadhara.com/leed_1.html
എസ്.കെ.എസ്.എസ്.എഫ് മറ്റൊരു ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്നു....ലൈക്ക് നല്‍ക്കി നിങ്ങളും ഇതിന്റെ ഭാഗവത്താക്കുക
https://www.facebook.com/SkssfKoduvallyTown
http://www.sathyadhara.com/leed_1.html
എസ്.കെ.എസ്.എസ്.എഫ് മറ്റൊരു ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്നു....ലൈക്ക് നല്‍ക്കി നിങ്ങളും ഇതിന്റെ ഭാഗവത്താക്കുക
https://www.facebook.com/SkssfKoduvallyTown
Subscribe to:
Posts (Atom)